മനാമ: ബഹ്‌റൈന്‍ ജനതയുടെ ഇഷ്ട ഭക്ഷണമായ മച്ബൂസ് കടല്‍ക്കാക്കകളുടെ പൊണ്ണത്തടിക്ക് കാരണമായിരിക്കുകയാണെന്ന കണ്ടെത്തലുമായി വടക്കന്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഖുബൈസി.
കഴിച്ചുകഴിഞ്ഞ് ബാക്കി വരുന്ന മച്ബൂസ് പോലെയുള്ള വിഭവങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നത് കാരണം പൊണ്ണത്തടി കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബഹ്‌റൈനിലെ കടൽ കാക്കകൾ എന്നാണ് അദ്ദേഹം പറയുന്നത്. തീറ്റ കൂടി പൊണ്ണത്തടി ആയത് കാരണം പറക്കാനാവാത്ത അവസ്ഥയിലാണ് ബഹ്‌റൈന്‍ തീരങ്ങളിലെ കടല്‍കാക്കകൾ. കൗൺസിലർമാരുടെ മുമ്പിലാണ് അബ്ദുല്ല അല്‍ ഖുബൈസി ഇത്തരമൊരു ഒരു വിചിത്രമായ വസ്തുത വെളിപ്പെടുത്തിയത്.
കഴിച്ചുകഴിഞ്ഞ് ബാക്കി വരുന്ന വിഭവങ്ങളുടെ അവശിഷ്ടങ്ങള്‍ നിരവധി കുടുംബങ്ങള്‍ കടല്‍കാക്കകള്‍ക്കും മറ്റ് ജീവികള്‍ക്കുമായി പൊതു ഇടങ്ങളിൽ
അലക്ഷ്യമായി നിക്ഷേപിക്കാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ അമിതമായി ലഭിക്കുന്നത് കാരണം കടല്‍ കാക്കകള്‍ പറക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണെന്നാണ് അബ്ദുല്ല അല്‍ ഖുബൈസി പറയുന്നത്. വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നത് കാരണം പ്രദേശത്ത് എലികളുള്‍പ്പടെ നിരവധി ജീവികളുടെ ശല്യമുണ്ടാകാറുണ്ട്. മാത്രമല്ല അഴുകിയ ഭക്ഷണം കുമിഞ്ഞു കൂടിയുണ്ടാകുന്ന രൂക്ഷഗന്ധവും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാക്കുകയാണ്.
ബാക്കി വരുന്ന ഭക്ഷണം അലക്ഷ്യമായി വലിച്ചെറിയാതെ, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും നല്‍കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലര്‍ മുമ്പോട്ടുവെക്കുന്നുണ്ട്. ഭക്ഷണം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ ബോധവത്കരിക്കാനുള്ള മുന്നറിയിപ്പുകള്‍ സ്ഥാപിക്കണമെന്നും, ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിക്കാനുമുള്ള നിര്‍ദ്ദേശം കൗൺസിലർമാർ അംഗീകരിച്ചു. നടപടികളുടെ ഭാഗമായി നോര്‍ത്തേണ്‍ മുന്‍സിപ്പാലിറ്റി, കൗണ്‍സിലിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കമ്മറ്റി, വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റീസ് അഫയേഴ്‌സ്, നഗരാസൂത്രണ മന്ത്രാലയം എന്നിവ സംയുക്തമായി ചേര്‍ന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടാതെ നിയമ ലംഘനം നടത്തുന്നവർക്ക് ശിക്ഷ നൽകാനുള്ള തീരുമാനം കൂടി ഉൾപ്പെടുത്തി നിർദ്ദേശം ഭേദഗതി വരുത്തി.