മനാമ: ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ കേരളീയ സമാജം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്ത് അയച്ചു. ഇന്ത്യയിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നുള്ള കേന്ദ്ര സർക്കാറിന്റെ നിബന്ധനകളിൽ പ്രവാസികൾ ഇതിനോടകം തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്ന പ്രവാസികൾ നാട്ടിലേക്ക് അധിക തുക നൽകി എടുക്കുന്ന ഫ്ലൈറ്റ് ടിക്കറ്റിനു പുറമേ 2 ടെസ്റ്റ് എടുക്കണമെന്ന നിയമം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും ഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് കുടുംബമായി നാട്ടിൽ പോകാൻ ഈ നിയമങ്ങൾ തടസമാവുകായാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഒരു ടെസ്റ്റ് മാത്രം നിർബന്ധമാക്കുകയും അത് സൗജന്യം ആക്കണമെന്നും വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻ്റിനിൽ നിന്നും ഇളവ് നൽകണമെന്നും കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സഹമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേരളാ ആരോഗ്യ മന്ത്രി കെ കെ ഷൈലജ, ചീഫ് സെക്രട്ടറി വിശ്വാസ് മെഹത, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ, നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കൂടി ശ്രദ്ധ ക്ഷണിച്ച് അയച്ച കത്തിൽ അഭ്യർത്ഥിച്ചു.