തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കി. സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. എന്നാൽ മൊബൈൽ ലാബുകളിൽ 448 രൂപയാണ്. നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സാൻഡോർ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈൽ ലാബുകൾ തുറക്കാൻ ടെന്‍ഡര്‍ കിട്ടിയത്. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറിൽ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉൾപ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകൾ തുടങ്ങാൻ ആലോചനയുണ്ട്. തിരുവനന്തപുരത്തെ ആദ്യ മൊബൈല്‍ ലാബ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. മറ്റ് ജില്ലകളിൽ മാര്‍ച്ച് പകുതിയോടെയും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ ലാബുകളില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന ഫലം കിട്ടാൻ രണ്ട് ദിവസം വരെ കാലതാമസം നേരിടുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.