തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്ന ബാധിത മേഖലകളിൽ വിന്യസിക്കാനുള്ള കേന്ദ്ര സേനയുടെ 30 യൂണിറ്റ് കേരളത്തിലെത്തി. എറണാകുളം വടക്കൻ പറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാർച്ചും നടത്തി. വിവിധ ജില്ലകളിലെ പ്രശ്നബാധിത മേഖലകളിലേക്കായി 125 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 120 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തിൽ നിയോഗിച്ചിരുന്നത്.
സിആർപിഎഫ്, ഐടിബിപി, സിഐഎസ്എഫ്, തുടങ്ങിയവയിൽ നിന്നുള്ളവരാണ് കേന്ദ്രസേനയിലുള്ളത്. അതാത് സ്ഥലത്തെ പൊലീസിന്റെ നിർദ്ദേശ പ്രകാരം ഇവരെ ബൂത്തുകളിൽ വിന്യസിക്കും. എറണാകുളം വടക്കൻ പറവൂരിൽ കെ സുരേന്ദ്രന്റെ വിജയ യാത്രയുമായി ബന്ധപ്പെട്ട് കൊടി കെട്ടുന്നതിനെ ചൊല്ലി ഇന്നലെ രാത്രി ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നു. ഇവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് കേന്ദ്രസേന റൂട്ട് മാർച്ച് നടത്തിയത്. റൂറൽ എസ് പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവുമുണ്ടായിരുന്നു.