മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ “മിഷൻ 50” ന്റെ ഭാഗമായി ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിവന്ന രണ്ടാം ഫാംവില്ല ജൈവ കൃഷി മത്സരത്തിന്റെ വിജയികളെ ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രഖ്യാപിച്ചു.
ടെറസിൽ നടത്തിയ കൃഷിയിൽ ആബിത സഗീർ, കൃഷിയിടത്തിൽ ഷീജ റഫീഖ് എന്നിവർ സമ്മാനർഹരായി. ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇത്തരം നൂതനവും വ്യത്യസ്തവുമാർന്ന പദ്ധതികളും പരിപാടികളും എല്ലാവർക്കും മാതൃകയും ഉപകാര പ്രദവുമാണെന്ന് ഹബീബ് റഹ്മാൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, ഫാം വില്ല കൺവീനർമാരായ ഇസ്ഹാഖ് വില്യാപ്പള്ളി, ജെപികെ തിക്കോടി, വൈസ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി, സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ പങ്കെടുത്തു.
ഫാംവില്ലയുടെ ചീഫ് ജഡ്ജ് ആയ വർഗീസ് പി വി നൽകിയ ക്ലാസ്സുകളും ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു കൊണ്ടാണ് മത്സരാർത്ഥികൾ ജൈവ കൃഷി മത്സരത്തിൽ പങ്കെടുത്തത്.
മുൻ എം എൽ എയും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന മർഹൂം എ വി അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മൊമന്റോ വിജയികളുടെ വീടുകളിലെത്തി വിതരണം ചെയ്യും.
ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധി പ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
കൊറോണയുടെ ദിന രാത്രങ്ങൾക്കിടയിലും കൂട്ടിലകപ്പെട്ട കിളികളെ പോലെ വീടുകളിൽ തളച്ചിടപ്പെടുമ്പോൾ കായികമായും മാനസികമായും സന്തോഷഭരിതരാകാൻ കെഎംസിസി യുടെ ഇത്തരം പദ്ധതികൾ നിമിത്തമായെന്ന് മത്സരാർത്ഥികൾ പറഞ്ഞു.
30 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെ പങ്കെടുത്ത ഓരോ മത്സരാർഥികളും ഒന്നിനൊന്നു മെച്ചമായിരുന്നെന്ന് ജഡ്ജിങ് പാനൽ കണ്ടെത്തി. അവരിൽ നിന്ന് ഏറ്റവും നന്നായി ചെയ്തവരെയാണ് സമ്മാനർഹരായി തെരെഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.