ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ ഒന്നരക്കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസുകൾ കുത്തിവെച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. 60 വയസിലധികം പ്രായമുള്ളവരിലും 45-നും 59-നും ഇടയില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ളവരിലും 2.08 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് കുത്തിവച്ചത്.
ഇന്ത്യയിൽ ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും, കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതല്ലെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കി. കോവിന്‍ പ്ലാറ്റ്‌ഫോമിലൂടെ തിങ്കളാഴ്ച ആരംഭിച്ച വാക്‌സിനേഷൻ രജിസ്‌ട്രേഷന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടു ദിവസത്തിനകം 50 ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഉന്നതതല സംഘത്തിന്റെ തലവന്‍ ആര്‍.എസ്. ശര്‍മ വ്യക്തമാക്കി.