അബുദാബി: ഇസ്‌ലാമികരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനം യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിൽ വെള്ളിയാഴ്ച ആരംഭിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) 46-ാമത് മന്ത്രിതലസമ്മേളനത്തിൽ ഇന്ത്യയാണ് അതിഥിരാഷ്ട്രം. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രണ്ടുദിവസത്തെ സമ്മേളനത്തിനായി അബുദാബിയിലെത്തി. ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പാക് വിദേശകാര്യമന്ത്രി സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സമ്മേളനത്തില്‍ പാക് പ്രതിനിധിയുടെ കസേര ഒഴിഞ്ഞുകിടന്നു. സുഷമ സ്വരാജിനെ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.
ദൈവം ഒന്നേയുള്ളു, ജ്ഞാനികള്‍ പല രീതികളിലായി ദൈവത്തെ വിവരിക്കുന്നു എന്ന് മാത്രമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഭീകരവാദം എല്ലായ്പ്പോഴും മതത്തെയാണ് വ്രണപ്പെടുത്തുന്നത്. ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന് എതിരായ പോരാട്ടമല്ലെന്നും ഭീകരവാദത്തിന് മതമില്ലെന്നും വിശിഷ്ടാതിഥിയായി സംസാരിക്കവേ സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.
ഇസ്ലാമെന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവത്തിന്റെ ഒരു നാമവും അക്രമം അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങളും സമധാനത്തിനൊപ്പം നിലക്കൊള്ളുന്നവരാണെന്നും അവര്‍ പറഞ്ഞു.
മനുഷ്യകുലത്തെ സംരക്ഷിക്കണമെങ്കില്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണം. ലോകസമാധാനത്തിലും ഐക്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകും. ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു യുദ്ധംകൊണ്ട് വിജയിക്കില്ല. ഭീകരവാദം ലോകത്തെ വലിയ വിപത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
ഏതുതരത്തിലുള്ള ഭീകരവാദവും മതത്തെ വളച്ചൊടിക്കലാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതവുമായുള്ള ഏറ്റുമുട്ടലല്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. പതിനെട്ടര കോടി വരുന്ന മുസ്ലീം സമൂഹം ഉള്‍പ്പെടുന്ന 130 കോടി ഇന്ത്യക്കാരുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അഭിവാദ്യം നിങ്ങളെ അറിയിക്കുന്നു.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ മുസ്ലീം സഹോദരങ്ങള്‍ വളരെ ഐക്യത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ അവരില്‍ വളരെ ചുരുക്കം ചിലര്‍ മാത്രം ചില തീവ്രശക്തികളുടെ പ്രചരണത്തില്‍ വീഴുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീകരവാദികള്‍ക്ക് അഭയം നല്‍കുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ അത് നിര്‍ത്തണമെന്നും അവരുടെ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരവാദ സംഘടനകളെ സഹായിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും സുഷമ സ്വരാജ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ ലോകരാജ്യങ്ങള്‍ ഉത്കണഠയോടെ നോക്കിക്കാണുന്ന സാഹചര്യത്തിലായിരുന്നു വിദേശകാര്യ മന്ത്രി അബുദാബിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.