ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും വാക്‌സിൻ ലഭ്യമാക്കാൻ ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ‘വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം’ – ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് ഇന്ത്യയിൽ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. 60 വയസുമേല്‍ പ്രായമുള്ളവര്‍ക്കും 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനേഷൻ തുടങ്ങി ദിവസങ്ങള്‍ക്കകമാണ് സമയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 1.56 കോടി ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ പത്ത് ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.