മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ഞായറാഴ്ച ലോക കേള്‍വി ദിനം ആചരിക്കും. ഓഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലാണ് പരിപാടി. ഇതോടനുബന്ധിച്ച് രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതുവരെയും സൗജന്യ കേള്‍വി പരിശോധന നടത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
‘നിങ്ങളുടെ കേള്‍വി പരിശോധിക്കുക’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക ആരോഗ്യ സംഘടന ലോക കേള്‍വി ദിനം സംഘടിപ്പിക്കുന്നത്. കേള്‍വിയില്ലായ്മ പ്രാരംഭഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ദിനാചരണം ലക്ഷ്യമിടുന്നത്.
കേള്‍വിയില്ലാത്തവരുടെ എണ്ണം ലോകമാസകലം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കുട്ടികളും വൃദ്ധന്മാരുമാണ് അനുപാതത്തില്‍ കൂടുതലുള്ളത്. സമയാമയങ്ങളില്‍ എല്ലാവരും, പ്രത്യേകിച്ചും അമ്പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശബ്ദമലിനീകരണമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ദീര്‍ഘ നേരം ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നവര്‍, കേള്‍വി പ്രശ്‌നം നേരിടുന്നവര്‍ എന്നിവര്‍ കേള്‍വി പരിശോധിക്കണമെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. പലപ്പോഴും ചില ശബ്ദങ്ങളും വാക്കുകളും കേള്‍ക്കാതെ പോകുന്നത് പലരും തിരിച്ചറിയാതെ പോകുന്നു. ഇങ്ങിനെ കേള്‍വി നഷ്ടം അഭിമുഖീകരിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയുണ്ട്. അതിനാല്‍ കേള്‍വി പരിശോധന കൃത്യമായി നടത്തുകയാണ് ഇതിന് പരിഹാരമെന്ന് വൈദ്യ ശാസ്ത്രം വ്യക്തമാക്കുന്നു. സൗജന്യ കേള്‍വി പരിശോധന എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.