മനാമ: പ്രവാസി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും അജണ്ടയാക്കി മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് “കൈകോർക്കാം സാമൂഹിക നന്മക്കായ്” എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പയിൻ മാർച്ച് 5 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് Zoom വെർച്വൽ പ്ലാറ്റ്ഫോമിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. പ്രവാസി ഭൂമികയിൽ സൗഹൃദത്തിലും സഹജീവി സ്നേഹത്തിലും അധിഷ്ഠിതമായ പാതയിലൂടെ പ്രവാസികൾക്ക് കൃത്യമായ ദിശാബോധം നൽകുക, അവരുടെ ആവശ്യങ്ങൾക്ക് നിയമവിധേയമായ ക്രിയാത്മക പരിഹാരം നിർദ്ദേശിക്കുക, മാതൃ രാജ്യത്തെ അവകാശങ്ങൾക്കു വേണ്ടി കൂട്ടായ ഐക്യനിര സൃഷ്ടിച്ചു പരിശ്രമിക്കുക, തുടങ്ങിയ കാലഘട്ടത്തിന്റെ അനിവാര്യതകളാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തൊഴിൽ പ്രശ്നങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും അകപ്പെട്ട പ്രവാസികൾക്കിടയിലെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്ത് നിർത്തി വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും സാധ്യമാക്കുക എന്നതാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിനിൽ ലക്ഷ്യമിടുന്നത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രേമ ജി. പിഷാരടി മുഖ്യപ്രഭാഷണം നടത്തുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബഹറൈനിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 39916500 / 36056199 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 
								 
															 
															 
															 
															 
															








