തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കൊവിൻ പോർട്ടലിലെ സാങ്കേതികത്തകരാർ മൂലം വാക്സീൻ വിതരണത്തിന്‍റെ രണ്ടാംഘട്ടം ആകെ അവതാളത്തിൽ. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെയ്‌പ്പെടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്സീൻ കിട്ടുന്നില്ലെന്നാണ് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുകയാണെന്നും ആളുകൾ പറയുന്നു. കാത്തിരുന്ന് വലയുകയാണ് വൃദ്ധർ.
കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് സ്ഥലവും സമയവും തെരഞ്ഞെടുത്ത് പ്രായമായവരേയും കൊണ്ട് എത്തിയ പലരും വാക്സീനെടുക്കാനാകാതെ തിരികെ പോകുകയാണ്. കൊവിൻ ആപ്പിൽ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയൽ രേഖകളുമായി നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കുത്തിവയ്പെടുക്കാനെത്തുന്നുണ്ട്. ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടി.
ഒരു ദിവസം ഇരുന്നൂറ് പേരെ വരെ വാക്സീൻ നൽകി പറഞ്ഞുവിടുകയാണ് ആശുപത്രികൾ. തിരക്ക് കൂടിയതോടെ, മറ്റൊരു ദിവസത്തേക്ക് വാക്സീൻ നൽകാൻ ടോക്കൺ നൽകി പറഞ്ഞുവിടുകയാണ് ആശുപത്രി അധികൃതർ. തിരുവനന്തപുരം തൈക്കാട് ജനറൽ ആശുപത്രിയിൽ അടക്കം വലിയ ബഹളമാണ് രാവിലെ ഉണ്ടായത്.