മനാമ: ലുലു ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ റീജണൽ ഓഫിസ് ദാന മാളിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യുസുഫലി ഉദ്ഘാടനം ചെയ്തു.
‘മെന’ റീജനിലെ അതിവേഗം വളരുന്ന റീട്ടെയിൽ ബിസിനസ് സ്ഥാപനമായി ലുലു ഗ്രൂപ്പും ലുലു ഹൈപർമാർക്കറ്റും മാറിയതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു. ഈ വളർച്ചയിൽ ബഹ്റൈൻ്റെ പങ്കും വലുതാണ്. 2007ലാണ് ബഹ്റൈനിലെ ആദ്യ ലുലു ഹൈപർ മാർക്കറ്റ് ദാനാ മാളിൽ പ്രവർത്തനമാരംഭിക്കുന്നത്.
നിലവിൽ എട്ട് ഹൈപർ മാർക്കറ്റുകളും റീജണൽ ഓഫീസുമായി വളർച്ചപാതയിലെ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. നവീകരിച്ച ദാന മാൾ ഇനി ലുലു ഗ്രൂപ്പിറെ ബഹ്റൈനിലെ കോർപറേറ്റ് ഹെഡ്ക്വാർട്ടേഴ്സ് ആയി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
60,000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്ന ദാന മാൾ സമ്പൂർണ ഫാമിലി മാളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഷോപ്പിങ്, വിനോദം, ഫുഡ് കോർട്ട്, സിനിമ എന്നിവയെല്ലാം ഇവിടെ സംഗമിക്കുന്നു. ആയിരത്തിലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
മഹത്തായ ഈ നിമിഷത്തിൽ സന്നിഹിതനാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എം.എ. യുസുഫലി പറഞ്ഞു. 2020ൽ കടന്നുപോയ പരീക്ഷണ നാളുകളിലും ബഹ്റൈനിലെ ഭരണ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചാണ് മുന്നേറിയത്. കോവിഡ് മഹാമാരിയെ നേരിടുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും വെല്ലുവിളികൾ നേരിടുന്നതിലും അങ്ങേയറ്റം ഫലപ്രദമായാണ് ഭരണനേതൃത്വം ഇടപെട്ടത്.
റീജണൽ ഓഫിസ് ദാന മാളിൽ ചെയർമാൻ ഉദ്ഘാടനം ചെയ്തതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.