ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം 48 മണിക്കൂര്‍ നേരത്തേക്ക് പൈലറ്റും ക്യാബിന്‍ ക്രൂ അംഗങ്ങളും ജോലി ചെയ്യേണ്ടതില്ലെന്ന് ഡി.ജി.സി.എ ഏവിയേഷന്‍ റെഗുലേറ്റര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ജോലിയില്‍ തുടര്‍ന്ന് പ്രവേശിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം വാക്‌സിന്‍ കേന്ദ്രത്തില്‍ തന്നെ ഇവർ 30 മിനുട്ട് നേരം നിരീക്ഷണത്തില്‍ തുടരണം. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് എതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണിത്. 48 മണിക്കൂര്‍ നേരത്തേക്ക് വിമാനം പറത്തുന്നതിന് ഇവര്‍ അയോഗ്യരായിരിക്കും.
വാക്‌സിന്‍ സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഉത്തരവാദിത്വപ്പെട്ട ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മാറിയ ശേഷം മാത്രമേ ഇവർക്ക് ജോലിയില്‍ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ ഡി.ജി.സി.എ വ്യക്തമാക്കി.