മനാമ: 24 പേർക്ക് കോവിഡ് -19 ബാധിച്ചതുമായി ബന്ധപ്പെട്ട് ജിം ഇൻസ്ട്രക്ടർക്ക് ഒരു വര്‍ഷം തടവും 3,000 ദീനാർ പിഴയും ലോവര്‍ ക്രിമിനല്‍ കോടതി വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. സ്ഥാപന ഡയറക്ടര്‍ക്ക് 3,000 ദീനാര്‍ പിഴയും വിധിച്ചു.
സ്പോർട്സ് ഹാളുകളുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാണ് നടപടി. ഇവിടെ പരിശീലനത്തിനെത്തിയവർ മാസ്ക് ധരിച്ചില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. വ്യായാമ പരിശീലനം നല്‍കിയിരുന്നത് ഒരു ഡോക്ടറായിരുന്നു. കോവിഡ് ബാധിച്ച ഇദ്ദേഹത്തോട് സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ഇദ്ദേഹമാണ് വ്യായാമ പരിശീലനം നല്‍കിയതെന്ന് കണ്ടെത്തി. ഇതിൽ നിന്നാണ് 24 പേർക്ക് കോവിഡ് -19 ബാധിച്ചതായി കണ്ടെത്തിയത്.