മനാമ: ബഹ്‌റൈൻ കേരളീയ സമാജം മെംബേർസ് നൈറ്റ് മീറ്റ് 2021 മാർച്ച് 19 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 മണി വരെ ഓൺലൈനായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കും അസോസിയേറ്റ് അംഗങ്ങൾക്കും മാത്രമായാകും മീറ്റ് ഒരുക്കുന്നത്.
പ്രശസ്ത ഗായകൻ കല്ലറ ഗോപനും പുത്രി നാരായണിയും നയിക്കുന്ന ഗാനമേളയും പ്രശസ്ത അവതാരകനായ രാജ് കലേഷിന്റെ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയാവും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് സമാജം വളണ്ടിയർമാർ വീട്ടിൽ എത്തിച്ചു നൽകുന്ന അത്താഴവും പരിപാടിയുടെ ആകർഷണങ്ങൾ ആയിരിക്കും.
മഹാമാരി അടിച്ചേൽപ്പിച്ച സാമൂഹിക അകലത്തിനും ആകുലതകൾക്കുമിടയിലും, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ബഹ്‌റൈൻ കേരളീയ സമാജം നടത്തിയത്. സാമൂഹിക അകലനിയന്ത്രണങ്ങൾക്കിടയിൽ സമാജം അംഗങ്ങൾക്കും അസോസിയേറ്റ് മെമ്പർമാർക്കും ഒത്തുചേരാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈനായി പരിപാടി സംഘടിപ്പിക്കുന്നത്.
മാർച്ച് 16ന് മുമ്പായി, https://bkseportal.com/membersnite2021/membersnite2021.html എന്ന രജിസ്ട്രേഷൻ ലിങ്കിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കാണ് ഈ പരിപാടിയിൽ സംബന്ധിക്കാൻ കഴിയുകയെന്ന് സമാജം പ്രസിഡന്റ് PV രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മെമ്പർഷിപ്പ് സെക്രട്ടറി ശരത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 39 01 99 35/ 39234535/ 38 80 87 39/ 66 33 18 16 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.