കോവിഡ്-19 വ്യാപനത്തിന് കാരണം ജനങ്ങളുടെ അനാസ്ഥയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണം കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ഘടകങ്ങളിലും ഇന്ത്യ മുന്‍പന്തിയിലാണ്. കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികള്‍ അതേനിലയില്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 26,291 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.