ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധനവ്; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ഓണ്‍ലൈന്‍ യോഗം നടക്കുക. വർധിച്ചു വരുന്ന കോവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ രോഗം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ജനുവരിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000ല്‍ താഴെ വന്നിരുന്നു. എന്നാല്‍ പിന്നീട് വൈറസ് വ്യാപനം കൂടിവരുകയാണ് ചെയ്തത്. ഇന്നലെ രാജ്യത്ത് 26,291 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യിതിരിക്കുന്നത്. കഴിഞ്ഞ 85 ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

കോവിഡ് 19 വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണം കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. നിലവില്‍ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.