ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ അധ്യയനവർഷത്തിൻറെ പര്യവസാനം സമുചിതമായി ആഘോഷിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നൃത്തങ്ങൾ, പാട്ടുകൾ, പ്രസംഗങ്ങൾ തുടങ്ങിയവ വിദ്യാർഥികൾ അവതരിപ്പിച്ചു. അധ്യാപകർ വിദ്യാർഥികളെ അഭിനന്ദിക്കുകയും അവരുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂളിൻറെ നല്ല അംബാസഡർമാരായി തുടരാനുള്ള ഉപദേശം നൽകി അവർ വിദ്യാർഥികളെ അനുഗ്രഹിച്ചു.
കുട്ടികൾക്ക് സമ്പന്നമായ ഒരുവർഷം ഉറപ്പാക്കുന്നതിന് കോവിഡ് സാഹചര്യത്തിലും ആത്മസമർപ്പണം ചെയ്യാൻ തയാറായ അധ്യാപകർക്കും രക്ഷിതാക്കൾക്കും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ നന്ദി അറിയിച്ചു. കുട്ടികൾക്ക് ഏറ്റവും മികച്ച പഠന അനുഭവം നൽകിയ അധ്യാപകരുടെ പ്രതിബദ്ധതയെ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.