മനാമ: കൊറോണ വൈറസ് പോസിറ്റീവായ നാല് വയസ്സുള്ള ബഹ്‌റൈനി ആൺകുട്ടിയിൽ നിന്നും മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള 14 കുടുംബാംഗങ്ങൾക്ക് രോഗം ബാധിച്ചു. അമ്മ, മുത്തശ്ശി, സഹോദരങ്ങൾ, അമ്മാവന്മാർ, കസിൻസ് എന്നിവരും ഇവരിൽ ഉൾപ്പെടുന്നു. അവരെല്ലാവരും കുട്ടിയുമായി അടുത്തിടപഴകിയവരാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട സമ്പർക്ക പട്ടികയിലൂടെയാണ് കുട്ടിയിൽ നിന്നും 14 പേർക്ക് രോഗബാധയേറ്റ വിവരങ്ങൾ പുറത്തുവിട്ടത്. ബഹ്‌റൈനിൽ കൂടുതൽ രോഗബാധക്ക് കാരണമായത് അനധികൃത കൂടിച്ചേരലുകളും കുടുംബ സമ്പർക്കങ്ങളും വഴിയാണെന്ന് നേരത്തെ കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ചു ജനങ്ങൾ സംഗമിക്കരുതെന്നും കൂടുതൽ പേർ സ്വകാര്യ – പൊതു ഇടങ്ങളിൽ കൂടിച്ചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിരന്തരം ഓര്മപ്പെടുത്തുന്നുണ്ട്.