മനാമ: കെ.എം.സി.സി ബഹ്റൈന്‍ കമ്മിറ്റിയുടെ ഇടപെടലില്‍ മലയാളി വ്യവസായിക്ക് ആശ്വാസം. ബിസിനസിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് വലിയ കടബാധ്യതയിലും കേസുകളുമായി ഏറെ പ്രയാസപ്പെട്ട മലയാളി യുവാവിന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഫി പാറക്കട്ടയുടെ ഇടപെടലിനെ തുടര്‍ന്ന് കുടിശ്ശികയിനത്തില്‍ വലിയ ഇളവാണ് ലഭിച്ചത്.
സ്വദേശി പൗരനാണ് വാടകയിനത്തില്‍ 12,000 ദീനാര്‍ ലഭിക്കാനുണ്ടെന്ന് കാണിച്ച് മലയാളി വ്യവസായിക്കെതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ യാത്രവിലക്കും ഏര്‍പ്പെടുത്തി. ഈ ദുരിതം മനസ്സിലാക്കി കെ.എം.സി.സി ബഹ്റൈന്‍ പാലക്കാട് ജില്ല ട്രഷറര്‍ നിസാമുദ്ദീന്‍ മരായമംഗലമാണ് വിഷയം ഷാഫി പാറക്കട്ടയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അദ്ദേഹം സ്വദേശി പൗരനുമായി സംസാരിക്കുകയും യുവാവിെൻറ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന്, വാടക കുടിശ്ശികയായ 12,000 ദീനാറിൽ 5000 ദീനാര്‍ നല്കിയാല് മതിയെന്ന് സമ്മതിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സ്വദേശി പൗരന് തയാറാവുകയും ചെയ്തതോടെ ജീവിതംതന്നെ തിരികെ ലഭിച്ച ആശ്വാസത്തിലാണ് മലയാളി യുവാവ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തടഞ്ഞുെവച്ച ഇദ്ദേഹത്തിെൻറ 4000 ദീനാര്‍ തുക ഷാഫി പാറക്കട്ടയുടെ ഇടപെടലിനെ തുടര്‍ന്ന് തിരികെ ലഭിച്ചിരുന്നു.