ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു അദ്ദേഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്പനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.

1945 ഡിസംബര്‍ 25ന് ഷെയ്ഖ് ഹംദാന്‍ ജനിച്ചത്. അല്‍-അഹ്ലിയ സ്‌കൂളില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ കൂടുതല്‍ പഠനം പൂര്‍ത്തിയാക്കി. ഷെയ്ഖ് ഹംദാന്‍ 1971 ല്‍ യു എ ഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. മരിക്കുന്നതുവരെ അദ്ദേഹം ഈ പദവി വഹിച്ചു. യു എ ഇയിലെ സമ്പത്ത്വ്യവസ്ഥയെയും തൊഴില്‍ കമ്പോളത്തെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.