മനാമ: ദീർഘ നാളത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഐസിആർഎഫ് ജനറൽ സെക്രട്ടറി മെഹ്റു വേസുവാലക്ക് യാത്രയയപ്പ് നൽകി. ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ എംബസി സെക്കന്റ് സെക്രെട്ടറി പി കെ ചൗധരി, ഐസിആർഎഫ് ചെയർമാൻ ശ്രീ അരുൾദാസ് തോമസ്, ഐസിആർഎഫ് എക്സ്-ഓഫിഷ്യോ – മിസ്റ്റർ ഭഗവാൻ അസർപോട്ട തുടങ്ങി മറ്റ് ഐസിആർഎഫ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് പ്രവർത്തനങ്ങളിൽ സജീവവും ഊർജ്ജസ്വലവുമായ പ്രവർത്തനം കാഴ്ചവച്ച വ്യക്തിത്വമായിരുന്നു മെഹ്റു വേസുവാല. 2007 മുതൽ ഐസിആർഎഫ് പ്രവർത്തനങ്ങളിൽ മുന്പന്തിയിലുണ്ടായിരുന്ന അവർ 2017 മുതലാണ് ജനറൽ സെക്രെട്ടറിയുടെ ചുമതല വഹിച്ചു തുടങ്ങിയത്. പ്രവാസികളുടെ തൊഴിൽ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നേതൃ നിരയിലുണ്ടായിരുന്ന മെഹ്റു മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി(MWPS) യുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്.
അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐഎൽഒ), അന്താരാഷ്ട്ര ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (ഐടിയുസി), മൈഗ്രാൻറ് ഫോറം ഇൻ ഏഷ്യ (എംഎഫ്എ), യുഎൻ വുമൺ (ന്യൂഡൽഹി, മൾട്ടി കണ്ട്രി ഓഫീസ്), അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് (OHCHR), ജനീവ തുടങ്ങി നിരവധി വേദികളിൽ അന്താരാഷ്ട്ര വർക്ഷോപ്പുകളും കോൺഫറെൻസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളോടുള്ള സേവനത്തിനും അർപ്പണ മനോഭാവത്തിനും നിരവധി പുരസ്കാരങ്ങളും മെഹ്റുവിനെ തേടിയെത്തിയിരുന്നു.
വിടവാങ്ങൽ വേദിയിൽ എല്ലാ ഐസിആർഎഫ് അംഗങ്ങൾക്കും അവരുടെ നിസ്വാർത്ഥമായ പ്രവർത്തന മികവിനുള്ള അംഗീകാര പത്രങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങും ഉണ്ടായിരുന്നു.