മനാമ: നോമ്പെടുത്ത് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നത് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് ഖലീഫ വ്യക്തമാക്കി.
കോവിഡ് ചെറുക്കുന്നതിന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന് നൽകാനുള്ള തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കൂടുതല്‍പേര്‍ വാക്സിനെടുക്കാന്‍ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു.
റമദാനിൽ വാക്സിന് സ്വീകരിക്കുന്നതിന് പ്രശ്നമില്ലെന്നാണ് പണ്ഡിത നിലപാട്. അതിനാല്‍ റമദാനിലും കൂടുതല്‍ പേര് പ്രതിരോധ വാക്സിനെടുക്കാന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ നിർമിക്കാനുള്ള അപേക്ഷകളും യോഗം പരിഗണിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി.
പകലന്തിയോളമുള്ള റമദാൻ ഉപവാസസമയത്ത് കോവിഡ് 19 വാക്സിനെടുക്കുന്നതിനു് തടസ്സമുണ്ടോയെന്ന് ഇസ്ലാം മത വിശ്വാസികളായ ചിലർ ചോദിച്ചതിൻ്റെ ഉത്തരമായാണ് ഈ പ്രസ്താവന വന്നത്.