ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് തടയിടാൻ പ്രാദേശിക അടച്ചിടൽ (മൈക്രോ ലോക്ഡൗൺ) പോലുള്ള കടുത്ത നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്ന് ഡൽഹി എയിംസ് ആശുപത്രി മേധാവിയും കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധ സംഘത്തിലെ പ്രധാന അംഗവുമായ ഡോ. രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തുംവിധം കേസുകൾ വർധിക്കുന്നത്. ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കൂടുതൽ കോവിഡ് രോഗികളുള്ള പത്തു ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്.
“പുതിയ തന്ത്രം ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത് സാമൂഹിക രോഗവ്യാപനമാണ്. ഇതിന് കടിഞ്ഞാണിടാനായില്ലെങ്കിൽ ചികിത്സാമേഖലയിൽ വീർപ്പുമുട്ടലുണ്ടാകും. രോഗവ്യാപനത്തിന് തടയിടാൻ തീവ്രയത്നം ആവശ്യമായുണ്ട്. കണ്ടെയൻമെന്റ് മേഖല, ലോക്ഡൗൺ പോലുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരും”- ഡോ. ഗുലേറിയ പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും പ്രതിരോധ കുത്തിവെപ്പ് ഊർജിതമായി മുന്നോട്ടുപോവുന്നുണ്ട്. ഇതുവരെ ഏഴരക്കോടി ഡോസ് വാക്സിൻ കുത്തിവെച്ചു. വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർ ഒരുകോടിയും ഒറ്റ ഡോസ് മാത്രം എടുത്തവർ ആറരക്കോടിയുമാണ്.