ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നതില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്(എസ്ഐഐ) ആസ്ട്രസെനക്ക കമ്പനിയുടെ വക്കീല്‍ നോട്ടീസ്. ആസ്ട്ര സെനക്കയും ഓക്‌സ്‌ഫഡ് സർവകലാശാലയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുള്ള വാക്‌സിന്‍ വിതരണമായതിനാലാണ് ഉടമ്പടിക്കനുസരിച്ച് വാക്‌സിന്‍ ആസ്ട്രസെനക്ക കമ്പനിക്ക് നിര്‍മ്മിച്ചു നല്‍കാന്‍ കഴിയാത്തതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല പറഞ്ഞു.
“വാക്സിന്‍ വിതരണത്തില്‍ കാലതാമസമുണ്ടായതിനാല്‍ അസ്ട്രാസെനെക്ക ഞങ്ങള്‍ക്ക് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. രഹസ്യാത്മക സ്വഭാവമുള്ള നോട്ടീസായതിനാല്‍ അതേക്കുറിച്ച് എനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ല. പക്ഷേ ഇന്ത്യയ്ക്കകത്തുള്ള വിതരണത്തിന് മുന്‍ഗണന നല്‍കിയതിനാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉടമ്പടി പ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്ന വിഷയം പരിഹാരിക്കാനുള്ള എല്ലാ വഴികളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യാനാകുമെന്നാണ് സര്‍ക്കാരും ആലോചിക്കുന്നത്. പുതിയ ഫാക്ടറി സ്ഥാപിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അധിക പ്രവര്‍ത്തനച്ചെലവുകള്‍ കണക്കിലെടുത്ത് എസ്ഐഐ ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. 1500 കോടി രൂപ ഏപ്രിലില്‍ വായ്പയെടുമുണ്ട്. ഈ തുക ലഭിക്കുന്നതോടെ കോവിഷീല്‍ഡിന്റെ ഉത്പാദനം ഇരട്ടിയാക്കാന്‍ കഴിയും” പുനെ വാല വ്യക്തമാക്കി.