“സത്യവിശ്വാസികളെ, നിങ്ങൾക്ക് മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരായേക്കാം”….(അൽ ബഖറ 183).
“മനുഷ്യവർഗത്തിന് സൻമാർഗമായും മാർഗദർശനത്തിന്റെയും സത്യാ സത്യവവിവേചനത്തിന്റെയും വ്യക്തമായ ദൃഷ്ടാന്തങ്ങളായും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമദാൻ. അതിനാൽ ആ മാസത്തിൽ വല്ലവരും ജീവിച്ചിരിക്കുന്നുവെങ്കിൽ അവൻ നോമ്പനുഷ്ഠിക്കട്ടെ” .
(അൽ ബഖറ 185).
റമദാൻ വ്രതത്തെ കുറിച്ച് ഖുർആനിൽ വന്ന രണ്ട് പ്രധാന പരാമർശങ്ങളാണ് മേലുദ്ധരിച്ചത്. ഇതിൽ നിന്നും രണ്ട് മൂന്ന് കാര്യങ്ങൾ വ്യക്തമാകുന്നു. വൃതം ആദിമ മനുഷ്യന് മുതൽ ദൈവം നിർബന്ധമാക്കിയിരുന്നു. മനുഷ്യർ ജീവിതത്തിൽ സൂക്ഷ്മത പാലിക്കാനും, ക്ഷമയും സഹനവും കാരുണ്യവും പരിശീലിക്കാനുമാണ് ദൈവം വൃതം കൊണ്ട് ഉദ്ദേശിക്കുന്നത്.
മുഹമ്മദ് നബി (സ) ക്ക് ഖുർആൻ അവതരിച്ചത് റമദാൻ മാസത്തിലാണ്. റമദാൻ മാസത്തിൽ ജീവിച്ചിരിക്കുന്ന ഒരു വിശ്വാസിക്ക് വൃതം അനുഷ്ഠിക്കൽ നിർബന്ധ ബാദ്ധ്യതയാണ്. രോഗികൾക്കും യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ ഇതിൽ ഇളവുകളുണ്ട്.
റമദാൻ പുണ്യങ്ങളുടെ പൂക്കാലമാണ്.
ദൈവ വിശ്വാസികൾ കാത്തിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങളുടെ മാസമാണ്.
റമദാൻ തൗബയുടെ മാസമാണ്. അതിനാൽ റമദാനിൽ വിശ്വാസികൾ തങ്ങളുടെ തെറ്റുകൾ ഏറ്റു പറഞ്ഞു സൃഷ്ടാവിനോട് മാപ്പിരക്കുന്നു.
റമദാൻ പാപമോചനത്തിന്റെ മാസമാണ്.
തന്റെ ദാസൻമാർക്ക് അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുന്നു.
റമദാൻ നൻമകളുടെ വസന്തകാലമാണ്.
വിശ്വാസികളെ വഴി പിഴപ്പിക്കുന്ന പിശാചിനെ ദൈവം ബന്ധനസ്ഥനാക്കിയിരിക്കുന്നു.
റമദാൻ സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും മാസമാണ്.
വിശ്വാസികൾ ദൈവം നൽകിയതിൽ നിന്നും അഗതികൾക്കും അനാഥർക്കും ദരിദ്രർക്കുമായി വാരിക്കോരി ചിലവിടുന്നു.
റമദാൻ ഉണർവിന്റെ മാസമാണ് . വിശ്വാസികൾ അലസത വെടിഞ്ഞ് കർമനിരതരാകുകയും, പകലും രാത്രിയും അവർ ദൈവാരാധനകളിൽ മുഴുകുകയും ചെയ്യുന്നു.
റമദാൻ ബദറിന്റെ മാസമാണ്. വിശ്വാസികൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യാൻ തയ്യാറായത് റമദാനിലാണ്.
റമദാൻ പ്രാർഥടെ മാസമാണ്.
സത്യവിശ്വാസികൾ തങ്ങളുടെ ഐഹികവും പാരത്രികവുമായ ആവശ്യങ്ങൾ ദൈവത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.. പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന അനേകം അവസരങ്ങൾ റമദാനിലുണ്ട്.
റമദാൻ വിശപ്പിന്റെ രുചി അറിയുന്ന മാസമാണ്. എത്ര വലിയ കോടീശ്വരനും പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് പട്ടിണി കിടക്കുമ്പോൾ വിശക്കുന്നവരുടെ അവസ്ഥ അവൻ മനസ്സിലാക്കുന്നു.