മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ കോവിഡ് – റമദാൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ റമദാനിൽ കോവിഡ് മൂലം പ്രതിസന്ധിയിലായ നിരവധി പ്രവാസിസമൂഹത്തിന് ഫ്രന്റ്സിന്റ ചാരിറ്റി പ്രവർത്തനം തുണയായി. നിലവിൽ വലിയ പ്രയാസത്തിലൂടെയാണ് മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ കടന്നു പോവുന്നത്. ഭക്ഷണം, റൂം വാടക, കുട്ടികളുടെ സ്‌കൂൾ ഫീസ്, ചികിത്സ, ഇല്ക്ട്രിസിറ്റി തുടങ്ങിയ ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സന്നദ്ധ സംഘടനകൾക്ക്
പിന്തുണ നൽകിയ പല സ്ഥാപനങ്ങളും കമ്പനികളും ഇപ്പോൾ കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികളിൽ നിന്നും കര കയറിയിട്ടില്ല. ഇതിനകം നിരവധി ചെറുകിട സ്ഥാപനങ്ങൾ അടച്ചു പൂട്ടിയിട്ടുണ്ട്. കൂടുതൽ ആളുകളും സ്ഥാപനങ്ങളും പ്രയാസമനുഭവിക്കുവർക്ക് സഹായവുമായി മുന്നോട്ട് വരണമെന്ന് ഫ്രന്റ്സ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.