മനാമ: പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ ഭാരവാഹികളും വിവിധ പോഷക സംഘടനകളും അനുശോചിച്ചു. മുൻ ബഹ്റൈൻ പ്രവാസി കൂടിയായിരുന്ന അദ്ദേഹം സമസ്ത ബഹ്റൈന്റെ പ്രഥമ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.
ബഹ്റൈനിൽ നേരത്തെ സുന്നികളുടെ കൂട്ടായ്മ രൂപീകൃതമായിരുന്നുവെങ്കിലും പിണങ്ങോട് അബൂബക്കർ സാഹിബ് നേതൃത്വത്തിലെത്തിയതോടെയാണ് ‘സമസ്ത കേരള സുന്നി ജമാഅത്ത്’ എന്ന പേരിൽ 1980 ൽ സംഘടന പുന:സംഘടിപ്പിച്ചതും ബഹ്റൈനിലുടനീളം സമസ്തയുടെ സന്ദേശം വ്യാപിക്കാൻ സാഹചര്യമൊരുങ്ങിയതും.
അദ്ദേഹത്തിന്റെ സംഘാടന മികവിന്റെ ഫലമായി വിവിധ ഏരിയകളിൽ സുന്നി പ്രവർത്തകർ സംഘടിക്കുകയും ഏരിയാ തലങ്ങളിൽ കമ്മറ്റികൾ രൂപീകരിക്കരിക്കപ്പെടുകയും ചെയ്തിരുന്നു.
ഇന്ന് ബഹ്റൈനിലെ 15 ഭാഗങ്ങളിലായി സമസ്തയുടെ ഏരിയാ കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെങ്ങളിലെല്ലാം ആഴ്ചകൾ തോറും സ്വലാത്ത് സദസ്സുകളും മറ്റു ആത്മീയ സദസ്സുകളും പഠനക്ലാസ്സുകളും നടന്നു വരുന്നു. കൂടാതെ വിവിധ ഏരിയാ കമ്മറ്റികൾക്ക് കീഴിലായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡിന്റെ മദ്റസകളും പ്രവർത്തിക്കുന്നുണ്ട്.
സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസയായ ഇർശാ ദുൽ മുസ്‌ലിമീൻ ഹയർ സെക്കന്ററി മദ്റസയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈന്റെ ചരിത്രം വിവരിക്കുന്ന ‘തസ്ബീത്ത്’ സുവനീർ തയ്യാറാക്കാനാണ് അദ്ദേഹം അവസാനമായി ബഹ്റൈനിലെത്തിയത്. 200 ൽ പരം പേജുകളുള്ള പ്രസ്തുത സുവനീറിന്റെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചാണ് അദ്ദേഹം ബഹ്റൈനിൽ നിന്നും മടങ്ങിയത്. ഇതിനായി ദിവസങ്ങളോളം അദ്ദേഹം ബഹ്‌റൈനിൽ താമസിച്ചതും സമസ്തയുടെ വിവിധ സദസ്സുകളിൽ പങ്കെടുത്ത് പ്രഭാഷണങ്ങൾ നടത്തിയതും ഭാരവാഹികൾ അനുസ്മരിച്ചു.
ഇതര ഗൾഫ് രാഷ്ട്രങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വിഭിന്നമായി സമസ്തയുടെ ആശയാദർശങ്ങൾ ഉയർത്തി പിടിച്ചു പ്രവർത്തിക്കാനും സുന്നികൾക്ക് നാട്ടിൽ നടക്കുന്ന സുന്നി ആചാര അനുഷ്ഠാനങ്ങളെല്ലാം അതേപടി പ്രവാസ ലോകത്ത് നടപ്പിൽ വരുത്താനും അബൂബക്കർ സാഹിബ് സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെയെന്നും
ഈ വിശുദ്ധ മാസത്തിന്റെ എല്ലാ മഹത്വവും നേട്ടങ്ങളും ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നതായി സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയാ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അടുത്ത ദിവസം സമസ്ത ബഹ്റൈൻ ആസ്ഥാനങ്ങളിലും തറാവീഹ് നമസ്കാര സ്ഥലങ്ങളിലും വീടുകളിലും എല്ലാവരും അദ്ദേഹത്തിന്റെ പേരിൽ മയ്യിത്ത്നിസ്കാരം നടത്തണമെന്നും ഭാരവാഹികൾ ആഹ്വാനം ചെയ്തു.