മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ പ്രതിവാര ക്യാബിനറ്റ് മീറ്റിംഗ് ഓൺലൈനിൽ നടന്നു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ നടപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചു. കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശങ്ങൾ പാലിച്ച് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ നടപ്പാക്കാനും തീരുമാനമുണ്ടായി.
കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഓക്സിജനും എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് ബാധിതരായ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും എത്രയും വേഗം രോഗമുക്തി ലഭിക്കട്ടെ എന്ന് മന്ത്രിസഭായോഗം ആശംസിക്കുകയും ചെയ്തു.
എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് അതോറിറ്റികൾ തമ്മിലുള്ള ശക്തമായ സഹകരണത്തെ കുറിച്ച് അധികൃതർ സംസാരിച്ചു .സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ മേഖലയും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ നിർദേശങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. വ്യാപാര മേഖലയുടെ പ്രവർത്തനം സുതാര്യവും എളുപ്പവുമാക്കാൻ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി മുന്നോട്ടു വെച്ച നിർദേശങ്ങൾ സഭ ചർച്ച ചെയ്തു.