മനാമ: രാജ്യത്തെ ആദ്യ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. സാറിലെ ആട്രിയം മാളിലാണ് ആദ്യ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കും, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി.ഇ.ഒ ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ആൽ ഖലീഫയും ചേർന്ന് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭാവിയിൽ തുറക്കാനിരിക്കുന്ന സ്റ്റേഷനുകളിൽ ആദ്യത്തേതായിരിക്കും ഈ സ്റ്റേഷൻ എന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി ഇ ഒ പറഞ്ഞു .’ബഹ്റൈൻ സാമ്പത്തിക നയം 2030′ എന്ന പദ്ധതിയുടെ ഭാഗമായാണ് ചാർജിങ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്.
പൗരന്മാരുടെയും പ്രവാസികളുടെയും സന്ദർശകരുടെയും ക്ഷേമത്തിനായി രാജ്യം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ രംഗത്തെ വിദഗ്ധരായ സീമെൻസ് ആണ് ചാർജിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. എ.സി, ഡി.സി ചാർജിങ് രീതികൾക്ക് അനുയോജ്യമായ ചാർജറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് വഴി പണമടക്കാൻകഴിയും.
ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വൈദ്യുതിയുടെ അളവ് തെരഞ്ഞെടുത്ത് ക്രെഡിറ്റ് കാർഡ് വഴി പണമടക്കാൻ സാധിക്കും.ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വൈദ്യുതിയുടെ അളവ് തെരഞ്ഞെടുത്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ ഇടപാട് പൂർത്തിയാകും.
ജൂലൈ 29 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻറാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള മാനദണ്ഡങ്ങൾക്ക് കഴിഞ്ഞ ജനുവരിയിൽ അംഗീകാരം നൽകിയതാണ്. ഇതിനു പിന്നാലെയാണ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിക്ക് അനുമതി നൽകിയത്.