വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക്; ഇടതു മുന്നണിയ്ക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ വന്‍ മുന്നേറ്റം നടത്തി ഇടതു മുന്നണി. എൽ.ഡി.എഫ്- 89, യു.ഡി.എഫ്- 48, എൻ.ഡി.എ- 3. ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡെന്നിസ് കെ ആന്റണി 784 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്‍ 8799 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 510 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. 2136 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ അദ്ദേഹം മുന്നിലുള്ളത്. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് അദ്ദേഹത്തിനുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്. മാനന്തവാടിയിൽ എൽഡിഎഫ് ലീഡ് ഉയർത്തുന്നു. ഒ.ആര്‍ കേളു 6618 വോട്ടുകൾക്ക് മുന്നിൽ. വടകരയില്‍ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെ.കെ രമ 4339 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കുണ്ടറയില്‍ ജെ. മേഴ്‍സിക്കുട്ടിയമ്മയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്‍നാഥ് മുന്നേറുന്നു.

തലസ്ഥാന ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം. രണ്ടിടങ്ങളില്‍ യുഡിഎഫും നേമത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. തൃശൂര്‍ മണ്ഡലത്തില്‍ ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ഇടതു മുന്നണി ലീഡ് തിരിച്ചുപിടിച്ചു.