മനാമ : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യു ആർ കോഡ് പ്രശ്നത്തിൽ കുടുങ്ങി യാത്രക്കാർ. പി ഡി എഫ് രൂപത്തിൽ ലഭിക്കേണ്ട കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് യാത്രക്കാരെ ആശങ്കയിലാകുന്നു. ഇന്ത്യ ഉൾപ്പെടെ മൂന്നു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു . കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത് . യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളിൽ ഐ സി എം ആർ അംഗീകൃത ലാബിൽ നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലമാണ് ഹാജരാകേണ്ടത്. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒഴികെ എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ക്യു ആർ കോഡുകൾ ഉള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് യാത്ര സമയങ്ങളിൽ സ്വീകരിക്കുന്നത്. ലാബിൽ നിന്നും ലഭ്യമാകുന്ന പ്രിന്റഡ് സർട്ടിഫികറ്റിൻറെ രൂപത്തിലാണ് സ്‌കാൻ ചെയുമ്പോൾ വിവരങ്ങൾ ലഭ്യമാകേണ്ടത് . എന്നാൽ ക്യു ആർ കോഡുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ യാത്രക്കാരുടെ യാത്രകളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈൻ എമിഗ്രേഷനിൽ സ്കാൻ ചെയ്ത കോഡുകളിൽ ചിലരുടെ പേരും മറ്റു വിവരങ്ങളും നിശ്ചിത രൂപത്തിലല്ല ലഭ്യമായത്.
