ഞാൻ കുട്ടിയായിരുന്നപ്പോൾ
ഒരു ദിവസം എൻ്റെ വീട്ടിലെല്ലാവരും ആഹാരം കഴിക്കാതിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആരുംതന്നെ ജലപാനം പോലും നടത്തുന്നില്ല. എന്തുകൊണ്ടായിരിക്കും പതിവിൽ നിന്നും വ്യത്യസ്തമായി ഇന്നുമാത്രം ആരും ഒന്നും കഴിക്കാതിരിക്കുന്നത്?!. എൻ്റെ കുരുന്നു മനസ്സിൽ അടക്കാനാവാത്ത ജിജ്ഞാസ തിടം വച്ചു. വൈകാതെ എനിക്കതിനുള്ള മറുപടിയും കിട്ടി “ഇന്നുമുതൽ നോമ്പാണ് മോനേ” എന്നായിരുന്നു ഉമ്മ പറഞ്ഞു തന്ന ഉത്തരം. റമദാൻ്റെയോ നോമ്പിൻ്റെയോ മഹത്വങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് സ്വാഭാവികമായും അന്നത്തെ നാല് വയസ്സുകാരനായ എനിക്കുണ്ടാവില്ല എന്നത് നേരു തന്നെ. നോമ്പു പിടിക്കലിൽ ഒരു കൗതുകകരമായ രസമുണ്ടെന്നാവും അന്നെൻ്റെ മനസ്സ് കണ്ടെത്തിയിട്ടുണ്ടാവുക “നിക്കും നോമ്പ് പിടിക്കണം” ഞാനുമ്മയോട് പറഞ്ഞു .
“മുതിർന്നവരാണ് മോനേ നോമ്പ് പിടിക്കുക, കഴിക്കാണ്ടിരുന്നാൽ ൻ്റെ മോന് വെശക്കൂലെ ” – ഉമ്മയെന്നോട് ചോദിച്ചു . എൻ്റെ വാശിക്കു മുന്നിൽ വാപ്പയുടെയും മറ്റും ആശ്വസിപ്പിക്കലിനും ശേഷം പാതി കളിയായിട്ടാവാം നോമ്പ് പിടിക്കാനുള്ള അനുവാദം കിട്ടി.
അങ്ങനെ ഞാനെൻ്റെ നാലാമത്തെ വയസ്സിൽ ഒരു കുഞ്ഞിൻ്റെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ആദ്യത്തെ നോമ്പ് പിടിച്ചു.
ബഹറൈനിൽ ജനിച്ചുവളർന്ന ഞാൻ നാലാം വയസ്സിൽ ആദ്യത്തെ നോമ്പ് പൂർത്തിയാക്കി എന്നറിഞ്ഞ നാട്ടിലുള്ള വാപ്പുമ്മയും, ഉപ്പാപ്പയും, മാമമാരും , മറ്റുള്ള ബന്ധുക്കളും ലാഘവത്തോടെ അതിനെ കണ്ടു നിന്നില്ല.അവരൊക്കെ എന്നെ വിളിച്ചു സന്തോഷം പങ്കുവെയ്ക്കുകയും മോന് എന്തു വേണമെങ്കിലും വാങ്ങിത്തരാം എന്ന് ഓഫർ ചെയ്യുകയും ചെയ്തു. അത് എന്റെ കുട്ടിക്കാലത്തെ നോമ്പിനെ കുറിച്ചുള്ളആദ്യത്തെ അനുഭവം ആണ്.
നോമ്പും പിടിച്ചു കൊണ്ട് സ്കൂളിൽ പോകുന്നത് പതിയെ ഒരു ശീലമായി. നോമ്പുകാലത്ത് ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ ഇന്ന് നിനക്കു നോമ്പുണ്ടോ എന്നായിരുന്നു എല്ലാ കൂട്ടുകാരുടെയും പരസ്പര ചോദ്യം. അത്താഴം കഴിക്കാൻ എണീക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് ചില ദിവസങ്ങളിൽ ഞാൻ ഉറങ്ങാതെ അത്താഴം കഴിക്കുന്ന സമയം വരെ ഇരിക്കുമായിരുന്നു. സ്കൂളിൽ പോയി നോമ്പെടുക്കുന്ന ദിവസങ്ങളിൽ ഫ്രീ പിരീഡ് വുളുഗ് എടുത്തു ളുഹർ നിസ്കരിക്കാൻ പോകുമ്പോൾ കൊല്ലം എടുക്കുന്ന സമയത്ത് അല്പം വെള്ളം അകത്താക്കുന്ന കൂട്ടുകാരും ഉണ്ടായിരുന്നു അതൊക്കെ ഓർക്കുമ്പോൾ ചിരി വരുന്നു അതിലേറെ അത്ഭുതവും.
നിഷ്കളങ്കതയുടെ നോമ്പുകാലങ്ങൾ
നോമ്പു പിടിച്ചുകൊണ്ട് ഫ്രിഡ്ജ് എപ്പോഴും തുറക്കുന്നത് എന്റെ ഒരു ശീലമായിരുന്നു. അതിനകത്ത് ഇരിക്കുന്ന ചോക്ലേറ്റും ജ്യൂസും ഒക്കെ കാണുമ്പോൾ അതെടുത്ത് കഴിക്കുവാൻ മനസ്സ് പറയുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഞാൻ നോമ്പുകാരനാണെന്ന ബോധം അതിൽ നിന്നും എന്നെ പിന്മാറ്റുമായിരുന്നു.
ഇപ്പോൾ ഉള്ള എല്ലാ കുട്ടികളെയും പോലെ പ്രായം കൂടി വരുമ്പോൾ റമളാനിൽ പിടിക്കുന്ന നോമ്പിന് എണ്ണം കൂട്ടി. അത് എന്തിനാണ് പിടിക്കുന്നത് എന്നും മനസ്സിലായി. റമദാൻ കൊണ്ട് പടച്ചവൻ നമ്മെ ഓർമ്മപ്പെടുത്തുന്നത് അതാണ്. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും നിവൃത്തിയുണ്ടെങ്കിലും ഒന്നുമില്ലാത്ത പാവപ്പെട്ടവരെ പോലെ വിശപ്പ് അടക്കി പിടിച്ചിരിക്കുക.
ഒന്നു പറഞ്ഞാൽ നമുക്ക് അതേ കുറിച്ചുള്ള ചിന്ത ഉണർത്താൻ കൂടി ആണല്ലോ വ്രതമനുഷ്ഠിക്കുന്നത്. വിശപ്പിന്റെ കാഠിന്യത്തിൽ ആഹാരത്തിന്റെ വില അറിഞ്ഞ് ദാനം ചെയ്യാൻ കിട്ടുന്ന പുണ്യദിനങ്ങൾ. ഓരോ വിശ്വാസിയും റമളാൻ മാസത്തെ അതിന്റെ പവിത്രതയോടെ നോമ്പെടുത്ത് ഇബാദത്ത് ചെയ്യാൻ സർവ്വശക്തൻ തുണക്കട്ടെ ആമീൻ..
– നസറുല്ലാഹ് നൗഷാദ് (മൈത്രി അസോസിയേഷൻ)