മനാമ: റഷ്യയുടെ ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് കോവിഡ് വാക്‌സിൻറെ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. വിദഗ്ധ പഠനങ്ങൾക്കൊടുവിലാണ് വാക്സിന് അംഗീകാരം നൽകാൻ ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത്. റഷ്യൻ ഫെഡറേഷൻറെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗമാലിയ നാഷണൽ സെന്റർ ഫോർ എപ്പിഡെർമിയോളോജിക്കൽ ആൻഡ് മൈക്രോബയോളജി റിസർച്ച് ഗ്രൂപ്പ് ആണ് സ്പുട്നിക് ലൈറ്റ് വാക്‌സിൻറെ നിർമാതാക്കൾ. കോവിഡിന്റെ പുതുതായി രൂപം കൊണ്ട എല്ലാതരം വാരിയന്റുകൾക്കും ഈ വാക്‌സിൻ ഫലപ്രദമാണെന്ന് സെന്ററിൽ നടന്ന പരീക്ഷണങ്ങളിൽ പുറത്തുവിട്ടിരുന്നു.
ഇതോടെ ബഹ്റൈൻ അനുമതി നൽകിയ വാക്സിനുകളുടെ എണ്ണം ആറായി. ഫൈസർ-ബയോൺടെക്, സിനോഫാം, കോവിഷീൽഡ്- ആസ്ട്രാ സെനേക്ക, ജോൺസൻ ആൻറ് ജോൺസൻ, സ്പുട്നിക് 5 എന്നിവയാണ് നേരത്തെ അംഗീകരിച്ചിട്ടുള്ളത്. സ്പുട്നിക് ലൈറ്റ് വാക്‌സിൻറെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. മറ്റു വാക്‌സിനുകൾ പോലെ തന്നെ സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ താമസക്കാർക്കും സൗജന്യമായി തന്നെ ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.