മനാമ: ഈദ് അവധി ദിനങ്ങളിൽ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് മേധാവി ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ. വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സാമൂഹിക അകലം പാലിച്ച് കൂടിച്ചേരലുകൾ പരിമിതപ്പെടുത്തണമെന്നും ആഘോഷങ്ങൾ ഒരു കുടുംബത്തിൽ തന്നെ ഒതുങ്ങണം എന്നും അദ്ദേഹം പറഞ്ഞു.
സമീപ കാലത്തു ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവുൽ ഉയർന്ന റെക്കോർഡ് കേസുകൾ സമീപ ദിനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊറോണാ വൈറസിൽ നിന്നും 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും വൃദ്ധ ജനങ്ങളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ രാജ്യം തുടരുകയാണെന്നും ഡോക്ടർ ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള ദേശീയ ശ്രമങ്ങൾക്ക് ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.