അൽ സാഖിർ പാലസ് പള്ളിയിൽ ഈദ് പ്രാർത്ഥന നിർവഹിച്ച് ഹമദ് രാജാവ് 

മനാമ: രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അൽ സാഖിർ പാലസ് പള്ളിയിലെ ഈദ് അൽ ഫിത്ർ പ്രാർത്ഥനകളിൽ പങ്കു ചേർന്നു. രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ഉന്നതരായ ഷേക്കുകളും അദ്ദേഹത്തിനൊപ്പം പ്രാർത്ഥന നടത്തി. 

സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോക്ടർ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി പ്രഭാഷണം നടത്തി. നേരായ വഴിയിലൂടെ രാജ്യത്തേയും ജനങ്ങളേയും നയിക്കാന്‍ ഹമദ് രാജാവിന് സര്‍വശക്തന്‍ വിജയങ്ങളും അനുഗ്രഹങ്ങളും ചൊരിയട്ടെയെന്നും ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യട്ടെയെന്നും ഈദ് നമസ്‌കാരത്തിനു നേതൃത്വം നല്‍കിയ ഇമാം പറഞ്ഞു. സര്‍വശക്തനായ അല്ലാഹു ബഹ്‌റൈനെയും ജനങ്ങളേയും അനുഗ്രഹിക്കട്ടെയെന്നും രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്‌റൈനും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളും സുരക്ഷയും സംരക്ഷണവും പുരോഗതിയും അഭിവൃദ്ധിയും കൈവരിച്ചു മുന്നോട്ടു പോവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും ഇമാം പറഞ്ഞു.

ആരാധനയ്ക്കായി എത്തിയവർക്കും ജനങ്ങൾക്കും, അറബി ഇസ്ലാമിക രാജ്യങ്ങൾക്കും മജസ്റ്റി ഈദ് ആശംസകൾ നേർന്നു.