മനാമ: ഈദ് അവധി ദിനത്തിൽ നടത്തിയ പരിശോധനകളിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മുഹറഖ് ഗവർണറേറ്റിലെ ഒരു റസ്റ്റോറന്റ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതും തുടർന്ന് നടപടി സ്വീകരിച്ചതും. എല്ലാ വില്പന കേന്ദ്രങ്ങളും നിയമങ്ങൾ പാലിക്കണമെന്നും ഈദുൽ ഫിത്തർ അവധിദിവസങ്ങളിൽ പരിശോധനകളും നടപടിയും ശക്തമാക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കർശന മാനദണ്ഡങ്ങളോടെ ഈദ് ദിനം മുതൽ വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തരായവർക്കും മാത്രം പ്രവേശനം അനുവദിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ച സിനിമാതീയേറ്ററുകൾ അടക്കമുള്ള സേവന കേന്ദ്രങ്ങളിലും വാണിജ്യ മന്ത്രാലയത്തിൻറെ പരിശോധന തുടരുന്നുണ്ട്.
