മനാമ: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മാനിയ പറഞ്ഞു. മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൂടിചേരലുകൾ ഒഴിവാക്കിയും കോവിഡിനെ നേരിടാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്തതും, ഭവന സന്ദർശനങ്ങളുമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടാൻ കാരണമായതെന്നും, ഈദ് അവധി ദിനങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കേസുകൾ ഇനിയും വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒത്തുചേരലുകൾക്ക് പകരം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പ്രയോജനപ്പെടുത്തി ആഘോഷങ്ങൾ തുടരണമെന്നും, ഇലക്ട്രോണിക് പെയ്മെന്റ് സജീവമാക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.