തൊഴിലാളികൾക്കായി ബോധവത്​കരണ പരിപാടികൾക്ക് തുടക്കം കുറിച്ച് ഐ.സി.ആർ.എഫ്​

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ‌.എഫ്) വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി നടത്തുന്ന ബോധവത്​കരണ പരിപാടിക്ക്​ തുടക്കമായി. റാസ് സുവൈദിലെ ചാപ്പോ ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്​തവ വിശിഷ്​ടാതിഥിയായി. ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ച എല്ലാ മാർഗനിർദേശങ്ങളും മുൻകരുതലുകളും പാലിക്കണമെന്ന്​ തൊഴിലാളികളെ ഓൺലൈനിൽ അഭിസംബോധന ചെയ്​ത്​ അദ്ദേഹം പറഞ്ഞു. ഈദ് ആഘോഷവേളയിൽ കമ്യൂണിറ്റി അംഗങ്ങളിലേക്ക് എത്താനുള്ള ഐ.സി.ആർ.എഫി​ൻറെ സംരംഭത്തിന് അംബാസഡർ അഭിനന്ദനം അറിയിച്ചു.

കോവിഡിനെതിരായ മുൻകരുതൽ നടപടികൾ ഡോ. ബാബു രാമചന്ദ്രൻ വിശദീകരിച്ചു. തുടർന്ന്​, കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ 700ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്​തു. കോവിഡ് ബോധവത്​കരണ ഫ്ലയറുകളും വിതരണം ചെയ്​തു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല, ഐ.സി‌.ആർ‌.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വെെസർ ഭഗവാൻ അസർപോട്ട, ഐ.സി‌.ആർ‌.എഫ് വളൻറിയർമാരായ സുധീർ തിരുനിലത്ത്, മുരളീകൃഷ്​ണൻ, ജവാദ് പാഷ, ചാപ്പോ കമ്പനി പ്രതിനിധി ബിനു മണ്ണിൽ, സുനിൽ ലാൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. അടുത്ത ബോധവത്​കരണ പരിപാടി മേയ് 21, 28 തീയതികളിൽ നടക്കും.