മനാമ: വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികളെ കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേരള മുഖ്യമന്ത്രിക്ക് ഐ സി എഫ് കത്തയച്ചു.
നിരവധി പ്രവാസികളാണ് ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്നത്. അവരുടെ യാത്രക്ക് കോവിഡ് വാക്‌സിനേഷന്‍ മാനദണ്ഡമാക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അവരെക്കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വാക്‌സിനേഷന്‍ ഡോസുകൾ തമ്മിലുള്ള സമയ ദൈർഘ്യം പഠന വിധേയമാക്കി പുതുക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.