മനാമ: പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ മുൻനിർത്തിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ‘കേരള നവോത്ഥാനം പ്രവാസികൾ പങ്ക് ചോദിക്കുന്നു ‘ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്.സി) ഗൾഫിൽ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അഭിപ്രായ സംഗമങ്ങൾ ബഹ്റൈനിൽ 50 യൂനിറ്റ് കേന്ദ്രങ്ങളിൽ നടക്കും.
ആധുനിക കേരളത്തിന്റെ സമഗ്രപുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രവാസികൾക്ക് അവരുടേതായ ഇടം വകവെച്ചു നൽകുന്നതിന് സജീവമായ ഇടപെടലുകൾക്ക് നടക്കേണ്ടതുണ്ട്. അത്തരം ചിന്തകൾക്കും ആശയങ്ങളുടെ പങ്ക് വെപ്പുകൾക്കും വിശാലമായ അവസരമൊരുക്കിയാണ് അഭിപ്രായ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. മലയാളി പ്രവാസി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന സംഗമങ്ങളിൽ പ്രഭാഷണം, ഉപക്ഷേപം , നയപ്രഖ്യാപനം എന്നീ സെഷനുകളിൽ പ്രമുഖർ സംവദിക്കും.
ഇത് സംബന്ധമായി ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.പി.കെ. മുഹമ്മദ്, , ഫൈസൽ കൊല്ലം, അശ്റഫ് മങ്കര, നവാസ് പാവണ്ടൂർ, നജ്മുദ്ദീൻ പഴമുള്ളൂർ, ഫൈസൽ ചെറുവണ്ണൂർ ,സുനീർ നിലമ്പൂർ , അബ്ദുൾ സലാം കോട്ടക്കൽ , ഷഹീൻ അഴിയൂർ സംബന്ധിച്ചു.