മനാമ: ബഹ്റൈനിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനും ഏഷ്യൻ സ്കൂൾ ചെയർമാനുമായ ജോസഫ് തോമസ് (74) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയാണ്.
കിൻറർഗാർട്ടൻ അധ്യാപകനിൽനിന്ന് ബഹ്റൈനിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയർമാൻ എന്ന നിലയിലേക്കുള്ള ജോസഫ് തോമസ് ൻറെ വളർച്ച ബഹ്റൈൻ പ്രവാസ ലോകത്തിന് ഒരുകാലത്തും വിസ്മരിക്കാൻ കഴിയാത്തതാണ്. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സ്വദേശിയായ ജോസഫ് തോമസിന് അധ്യാപനം ആയിരുന്നു എന്നും ഇഷ്ട വിഷയം. പാല സെൻറ് തോമസ് കോളജിൽനിന്ന് ആർട്സിൽ ബിരുദം നേടി നേരെ പുറപ്പെട്ടത് നാഗാലാൻഡിലേക്കാണ്. അവിടെയും കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.
1970ൽ ദിമാപൂരിലെ ഹോളി ക്രോസ് സ്കൂളിൽ കിൻറർഗാർട്ടൻ ടീച്ചറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് നാഗാലാൻഡിലെ തന്നെ പിംലയിലെ ഗവ. മിഡിൽ സ്കൂളിൽ ഹെഡ്മാസ്റ്ററായാണ് സേവനമനുഷ്ഠിച്ചത്. പിന്നീട് ഉത്തർപ്രദേശിലെ ബനാറസിൽ സെൻറ് തോമസ് കോളജിൽ ഇംഗ്ലീഷ് ലെക്ചററായി.
തുടർന്നാണ് 1982ൽ അദ്ദേഹം ഉത്തർപ്രദേശ് വിട്ട് ബഹ്റൈനിൽ എത്തുന്നതും 1983 മേയ് 11ന് 65 വിദ്യാർഥികളും മൂന്ന് ടീച്ചർമാരുമായി ഏഷ്യൻ കിൻറർഗാർട്ടൻ എന്ന സ്കൂളിന് തുടക്കം കുറിച്ചതും. 1984ൽ സ്കൂളിൻറെ പേര് ഏഷ്യൻ സ്കൂൾ ബഹ്റൈൻ എന്ന് പുനർനാമകരണം ചെയ്തു. 1989ൽ ഉമ്മുൽഹസം കാമ്പസും 1999ൽ ജുഫൈർ കാമ്പസും ആരംഭിച്ചു. അധ്യാപനത്തെ അത്രയേറെ സ്നേഹിച്ച ജോസഫ് തോമസ്ൻറെ കഠിനാധ്വാനത്തിൻറെയും നിശ്ചയദാർഢ്യത്തിൻറെയും ഫലമായാണ് ഇന്ന് 4685 വിദ്യാർഥികളോടെ ഏഷ്യൻ സ്കൂൾ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്. 2009 ജൂലൈ വരെ സ്കൂളിൻറെ പ്രിൻസിപ്പലും ഡയറക്ടറുമായിരുന്നു അദ്ദേഹം. തുടർന്ന് സ്കൂളിൻറെ ചെയർമാനായി ചുമതലയേറ്റു. ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ജോസഫ് തോമസ് കൊളുത്തിയ അറിവിന്റെ കൈത്തിരി നാളം അനേകരിലേക്ക് കൈമാറിയാണ് വിടവാങ്ങുന്നത്.
ഭാര്യ: എലിസബത്ത് ജോസഫ് (ഏഷ്യൻ സ്കൂൾ മാനേജിങ് ഡയറക്ടർ). മക്കൾ: ലവി ജോസഫ് (ഡയറക്ടർ, ഏഷ്യൻ സ്കൂൾ), ടിമ്മി ജോസഫ് (ബിസിനസ്).