മനാമ: ബഹ്റൈനിൽ റെക്കോർഡ് പ്രതിദിന മരണ നിരക്ക് രേഖപ്പെടുത്തി. 28 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇവരിൽ 16 പേർ സ്വദേശികളും 12 പേർ പ്രവാസികളുമാണ്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ ബഹ്റൈനിലെ ആകെ മരണസംഖ്യ 848 ആയി ഉയർന്നു.
മെയ് 24ന് 24 മണിക്കൂറിനിടെ 19,951 പേരിൽ നടത്തിയ പരിശോധനകളിൽ 2800 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 14.03% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1016 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1761 പേർക്ക് സമ്പർക്കങ്ങളിലൂടെയും 23 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23314 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 205 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം 1800 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,96,685 ആയി ഉയർന്നു. ആകെ 45,09,481 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. 8,84,922 പേർ ഇതുവരെ ഓരോ ഡോസും 7,16,760 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ആകെ രേഖപ്പെടുത്തിയ മരണങ്ങളിൽ 95% വാക്സിൻ സ്വീകരിക്കാത്തവരാണ്. ഇന്നലെ മരണപ്പെട്ട 28 പേരിൽ 24 പേരും വാക്സിൻ സ്വീകരിച്ചിട്ടില്ല. മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ട് വരാത്ത ഏവരും വാക്സിൻ സ്വീകരിക്കാൻ തയ്യാറാവണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ബി അവെയർ ആപ്പ് വഴിയോ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ രെജിസ്റ്റർ ചെയ്യാവുന്നതാണ്.