മനാമ: കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ സിത്ര യൂണിറ്റ് അംഗമായിരുന്ന ദിനേശന്റെ കുടുംബത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി. സൗമ്യമായ പെരുമാറ്റം കൊണ്ടും സഹജീവി സ്നേഹം കൊണ്ടും ഏവർക്കും പ്രിയപ്പെട്ട ദിനേശന്റെ കുടുംബത്തിനായി പ്രതിഭ കുടുംബാംഗങ്ങൾ ഒന്നായി കൈകോർത്തു.
പ്രതിഭ പ്രവർത്തകർ സമാഹരിച്ച 6,70,000/-രൂപ (ആറുലക്ഷത്തി എഴുപതിനായിരം രൂപ) കോഴിക്കോട് തൊട്ടിൽപാലത്തു ദിനേശന്റെ വീട്ടിൽ വച്ച് പ്രതിഭ നേതാക്കളായ സി.വി. നാരായണനും, സുബൈർ കണ്ണൂരും ചേർന്ന് കൈമാറി. പ്രവാസി വ്യവസായി വർഗീസ് കുര്യൻ നൽകിയ ഒരു ലക്ഷം രൂപ മുമ്പ് സഖാവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം കെ.കൃഷ്ണൻ ,കാവിലും പാറ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി. ജോർജ്മാസ്റ്റർ, സിപിഐഎം കാവിലുംപാറ ലോക്കൽ സെക്രട്ടറി എ.ആർ.വിജയൻ തുടങ്ങി മറ്റു പ്രാദേശിക നേതാക്കളും , പ്രതിഭ സിത്ര യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്ന സതീന്ദ്രനും പങ്കെടുത്തു.
ഈ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ മനുഷ്യസ്നേഹികൾക്കും ബഹ്‌റൈൻ പ്രതിഭയുടെ നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡണ്ട് കെഎം സതീഷും അറിയിച്ചു.