മനാമ: സൗദി അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമെ കോസ്‌വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായവരുടെ ദുരവസ്ഥ പരിഹരിക്കാൻ എം പി മാരുടെ ശ്രമങ്ങൾ തുടരുന്നു. സൗദി അംഗീകരിച്ച അസ്ട്ര സെനക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഒരു വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമെ നിലവിൽ കോസ്‌വേ വഴി പോകാൻ അനുമതി ലഭിക്കൂ. ബഹ്‌റൈനിൽ ഭൂരിഭാഗം പേരും സ്വീകരിച്ച സിനോഫാം വാക്‌സിന് സൗദി അംഗീകാരം നൽകാത്തതാണ് തിരിച്ചടിയായത്. ഇബ്രാഹിം അൽ നെഫായിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാർ വിദേശകാര്യ മന്ത്രാലയവുമായും സൗദി എംബസിയുമായും ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിട്ടും സൗദി സർക്കാർ അംഗീകാരം നൽകാത്ത, ചൈനീസ് വാക്സിൻ സിനോഫാം സ്വീകരിച്ച ഉമ്ര തീർത്ഥാടകർക്ക് മക്കയിലെ പള്ളിയിലേക്കുള്ള പ്രവേശനം അടക്കം വിലക്കിയിരിക്കുകയാണ്.
10000 ലധികം ബഹ്‌റൈനികൾ സൗദി സർവകലാശാലകളിൽ പഠിക്കുകയോ കമ്പനികളിൽ ജോലി ചെയ്യുകയോ അതിർത്തിയിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് നടത്തുകയോ അല്ലെങ്കിൽ ചികിത്സ തേടുകയോ ചെയ്യുന്നുണ്ടെന്ന് അൽ നെഫായി പറഞ്ഞു. ഇവരിൽ ഭൂരിഭാഗംപേർക്കും കോസ്‌വേ കടന്നു യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.