ബഹ്‌റൈനിലെത്തുന്നവർക്കുള്ള 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ; ഇടനിലക്കാർ അമിത തുക ഈടാക്കുന്നതായി പരാതികൾ

quarantine

മനാമ: ബഹ്റൈനിൽ 10 ദിവസത്തേക്ക് ക്വാറന്റൈനിൽ താമസിക്കുന്നവരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നതായി പരാതി. നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ തുക യാത്രക്കാരിൽ നിന്നും ഇടനിലക്കാർ ഈടാക്കുന്നതായാണ് പരാതി ഉയർന്നത്. എൻഎച്ച് ആർ എ അംഗീകാരമുള്ള ഒരു അപ്പാർട്ട്മെന്റിൽ 10 ദിവസത്തേക്ക് 150 മുതൽ 170 ദിനാറായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ ഇടനിലക്കാർ വഴി എത്തിയവരിൽ 200 മുതൽ 250 ദിനാർ വരെ ഈടാക്കിയതായാണ് പരാതിക്കാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ന​ൽ​കി​യ തു​ക​ക്കു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി രൂക്ഷമായതോടെ ചി​ല​രെ പി​ന്നീ​ട്​ സൗകര്യമുള്ള മ​റ്റൊ​രു ഹോ​ട്ട​ലി​ലേ​ക്ക്​ മാ​റ്റിയ സംഭവവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായി.

വിദേശത്തുനിന്നും ബഹ്റൈനിൽ എത്തുന്നവർ പത്തുദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് പുതിയ വ്യവസ്ഥ. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾ രാജ്യത്ത് ശക്തമാക്കിയിരിക്കുകയാണ്. സ്വ​ന്തം പേ​രി​ലോ അ​ടു​ത്ത കു​ടും​ബാം​ഗ​ത്തിൻറെ പേ​രി​ലോ രേഖാമൂലമുള്ള താ​മ​സ​സ്​​ഥ​ലം ഇ​ല്ലെ​ങ്കി​ൽ ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ റെഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലാ​ക​ണം റി​സ​ർ​വേ​ഷ​ൻ.

കൊവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾ വിമാനടിക്കറ്റിന് പോലും അമിത നിരക്ക് നൽകിയാണ് ബഹ്റൈനിൽ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ക്വാറന്റീൻ സൗകര്യങ്ങൾക്ക് അപ്പാർട്മെന്റുകളുടെ നിശ്ചിത നിരക്കിന് പുറമെ അമിത തുക ഈടാക്കി ഇടനിലക്കാർ ചൂഷണം തുടരുന്നത്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മകളിൽ കഴിഞ്ഞ ദിവസം ഈ പ്രശ്നം ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

അതേസമയം എൻ എച്ച് ആർ എ വെബ്സൈറ്റിൽ ലൈസൻസ് ഉള്ള ക്വാറന്റൈൻ സ്ഥാപനങ്ങളുടെ പേരും ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്. നിലവിൽ 44 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇടനിലക്കാർ ഇല്ലാതെ തന്നെ യാത്രക്കാർക്ക് ഈ നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് ബുക്കിംഗ് നടത്താൻ സാധിക്കും. പുതുക്കിയ അംഗീകൃത ഹോട്ടലുകളുടെ വിവരങ്ങൾ ഏതൊക്കെയെന്നറിയാൻ www.nhra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!