മനാമ :ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഐ.സി. യുവിലുള്ളവരിൽ 83 ശതമാനവും പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് കോവിഡ് പ്രതിരോധ സമിതിയംഗം ഡോ. മനാഫ് അൽ ഖഹ്താനി വ്യക്തമാക്കി. ഐ.സിയുവിൽ കൂടുതൽ രോഗികൾ പ്രവേശിപ്പിക്കപ്പെടുന്നതിൻറെ കാരണത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഐ.സി.യുവിൽ 300 കോവിഡ് ബാധിതരാണുള്ളത്. ഇവരിൽ അധികവും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരുമാണ്. ജൂൺ ഒന്നിലെ കണക്കനുസരിച്ച് 326 പേരാണ് ഐ.സി.യിലുണ്ടായിരുന്നത്. ഇവരിൽ 270 പേരും പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് ബഹ്റൈനിൽ ചികിത്സ നൽകുന്നത്. അത് കൊണ്ടുതന്നെയാണ് രോഗം ഭേദമാകുന്നവരുടെ ദൈനംദിന എണ്ണത്തിൽ വർധനയുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.