മനാമ :കോവിഡ് സംശയങ്ങൾക്കുള്ള 444 എന്ന നമ്പറിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ മാത്രം വിളിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് ഓർമിപ്പിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ കാര്യത്തിൽ കൂടുതൽ വേഗത്തിൽ നടപടിയുണ്ടാകാൻ ഇതു സഹായിക്കും. പൊതുവായ സംശയങ്ങൾക്ക് ബീ അവെയർ ആപ്, healthalert.gov.bh എന്നിവയെ ആശ്രയിക്കാം. മെയിൽ മാത്രം ഏഴ് ലക്ഷം കാളുകളാണ് കാൾ സെൻററിൽ എത്തിയത്. ഇതിൽ 49 ശതമാനവും പൊതുവായ സംശയങ്ങൾ ചോദിക്കാനായിരുന്നു. ‘രോഗ ലക്ഷണങ്ങൾ’ എന്ന വിഭാഗത്തിൽ എത്തിയ 1,63,000 കാളുകളിൽ 63 ശതമാനവും അതുമായി ബന്ധപ്പെട്ടുള്ളതായിരുന്നില്ല. യഥാർഥത്തിൽ രോഗ ലക്ഷണങ്ങളുള്ളവർക്ക് കൃത്യസമയത്ത് മറുപടി നൽകാൻ ഇത് തടസ്സമാകുന്നു.
കാൾ സെൻററിലെ സമ്മർദം ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഏതു കാര്യത്തിനാണോ വിളിക്കുന്നത് അതുമായി ബന്ധപ്പെട്ട ഓപ്ഷൻ വിളിക്കുമ്പോൾ തെരഞ്ഞെടുക്കണം. പൊതുവായ സംശയങ്ങൾ ചോദിക്കുന്നതിന് ബീ അവെയർ ആപിലും വെബ്സൈറ്റിലും പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് പരമാവധി വേഗത്തിൽ മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.