മനാമ : വിദ്യാഭ്യാസ മേഖലയിൽ വികസനം കൊണ്ടുവരുന്നതിന്റെ ഭാഗമായി 2021 -2022 അധ്യായന വർഷത്തിൽ ഓട്ടിസം ബാധിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി വർച്വൽ പരിശീലനപരിപാടി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ നുയിമി അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുക, പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള സ്കൂളുകളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുക, കുട്ടികളുടെ കഴിവിനെ വളർത്തിയെടുക്കുക, കുട്ടികളുടെ വൈകാരികമായ സ്വഭാവം കുറയ്ക്കുക തുടങ്ങിയ പരിപാടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മികച്ച പരിശീലനം നേടിയ പ്രത്യേക മാനസിക മെഡിക്കൽ യൂണിറ്റുകളുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരിക്കും പരിശീലന പരിപാടി നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.