മനാമ: തൊഴിലിടങ്ങളിൽ ആരോഗ്യ മന്ത്രാലയവും ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സും നിർദ്ദേശിച്ചിരിക്കുന്ന കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. അപകടങ്ങളും പകർച്ചവ്യാധികളും ഒഴിവാക്കി സുരക്ഷിതമായ തൊഴിലിടം ഒരുക്കണമെന്ന് തൊഴിലുടമകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
പരിമിതമായ സ്ഥല ശേഷിയുള്ള മേഖലകളിൽ തൊഴിലാളികളുടെ ഒത്തുചേരലുകൾ പരിമിതപ്പെടുത്തണം, എല്ലാവരും സാമൂഹിക അകലം പാലിക്കണം, തൊഴിലാളികളുടെ താപനില പരിശോധിക്കണം, ജോലിസ്ഥലത്തും തൊഴിലാളികളെ കയറ്റുന്ന വാഹനങ്ങളിലും തിരക്ക് നിയന്ത്രിക്കണമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥർ തൊഴിലിടങ്ങൾ പരിശോധിക്കുന്നുണ്ടെന്നും 2021 മെയ് മാസം വരെ 14,176 പരിശോധനകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.